Saturday, January 15, 2011

ശബരിമല ദുരന്തം

Photo courtesy: Asianet News

അങ്ങനെ 104 അയ്യപ്പഭക്തന്മാര്‍ ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞു. മകരവിളക്ക് എന്ന തട്ടിപ്പ് കണ്ട് നിര്‍‌വൃതി അടഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങിയ അയ്യപ്പന്മാരാണ് അപകടത്തില്‍പ്പെട്ടത്. ഇത്തരം ഒരു അപകടം പ്രിതീക്ഷിച്ചതുതന്നെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതു സംഭവിക്കാതിരുന്നത് അത്ഭുതമായി കണക്കാക്കിയാല്‍ മതി. കിഴക്കാം തൂക്കായ കാട്ടുപ്രദേശത്ത് ഇത്രയധികം ആളുകള്‍ ഒരു സമയത്ത് ഒന്നിച്ചുകൂടിയാല്‍ സംഭവിക്കേണ്ടതു തന്നെ.

ഏറ്റവും ഹീനമായ കാര്യം മകരവിളക്ക് ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണ് എന്നതാണ്. പോലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് നടത്തുന്ന തട്ടിപ്പ്. അതുകൊണ്ട് കേരളാ സര്‍ക്കാരിന് ഈ മരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനാവില്ല. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതേണ്ട ഒരു ഇടതുപക്ഷ സര്‍ക്കാരിന്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഗവണ്മെന്റ് മാറിനില്‍ക്കേണ്ടതാണ്. കേരളത്തിലെ മിക്കവാറും ഭക്തര്‍ക്ക് ഇതിന്റെ പിന്നിലെ രഹസ്യം അറിയാം. അതിനാലാണ് മരിച്ച മലയാളികളുടെ എണ്ണം തുലോം കുറവായത്. മലയാള, ദേശീയ മാധ്യമങ്ങള്‍ കുറ്റകരമായ അനാസ്ഥ ഇക്കാര്യത്തില്‍ കാണിച്ചുവെന്നു പറയേണ്ടി വരും. മകരവിളക്ക് ഇന്നും അവര്‍ക്ക് ദിവ്യജ്യോതിയാണ്. ശബരിമലയിലേ ദീപാരാധന സമയത്ത് ദേവകളും ഭൂതഗണങ്ങളും അയ്യപ്പനെ ആരാധിക്കുന്നതാണ് ഈ പ്രകാശം എന്ന് അവര്‍ പറയുന്നു. മണ്ഡലക്കാലം തുടങ്ങിയാല്‍ അയ്യപ്പന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയുള്ള പ്രചാരവേല ആരംഭിക്കുകയായി. സീരിയലുകളും, ഭക്തിഗാനങ്ങളും, അയ്യപ്പമഹത്വം വാഴ്ത്തലുമായി അവര്‍ രംഗം കൊഴുപ്പിക്കുന്നു. വിശ്വാസത്തെ ഒരുതരം ഉന്മാദാവസ്ഥയിലേക്ക് ഇവര്‍ എത്തിക്കുന്നു. സമൂഹത്തിലെ ഉന്നതരെന്നു നാം കരുതുന്ന പലരും ഇത്തരം പ്രചാരവേലയുടെ പിന്നിലുണ്ട്. ഇതെല്ലാം കണ്ട് തങ്ങള്‍ക്ക് മനഃശ്ശാന്തി ലഭിക്കുമെന്ന മൂഢവിശ്വാസവുമായി പാവങ്ങള്‍ ഇവിടെ തിരക്കുകൂട്ടുന്നു. അത് ഇത്തരം ദുരന്തങ്ങളിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിക്കുന്നത്.

ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയുമെന്ന് പ്രതിക്ഷിക്കേണ്ടതില്ല. ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപണം ഉയര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഇതെല്ലാം കെട്ടടങ്ങും. അടുത്തവര്‍ഷം വീണ്ടും ഈ തട്ടിപ്പ് അരങ്ങേറുകയും കുറേ വിശ്വാസികളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും. കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും നമുക്ക് ശ്രദ്ധ ഖജനാവിലേക്കെത്തുന്ന സമ്പത്താണല്ലോ.
3 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ അന്ന് തുറന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി :

"മനുഷ്യനിര്‍മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര്‍ തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തുനിയുമോ എന്നും മകരവിളക്ക് ആളുകള്‍ കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്‍ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ"

ഇപ്പോഴത്തെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. ഭക്തന്മാര്‍ക്ക് ഒരു ക്ഷേത്രം എന്ന നിലയില്‍ ആരാധന നടത്താനുള്ള സൌകര്യം മാത്രം പോരേ? ഒരു വിളക്ക് കത്തിച്ച് കാണിച്ചിട്ട് അതില്‍ എന്തോ ദിവ്യാത്ഭുതം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ കൂട്ടി എന്തിനാണ് സര്‍ക്കാര്‍ തന്നെ ഇങ്ങനെ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്. ഇപ്പോഴെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അടുത്ത വര്‍ഷം മുതല്‍ മകരവിളക്ക് ഉണ്ടായിരിക്കുന്നതല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ധീരമായ നടപടിയായിരിക്കും. സഖാവ് വി.എസ്സ്. അതിനുള്ള ധൈര്യം കാണിക്കുമോ?

V.B.Rajan said...

സുകുമാരേട്ടാ,

കമന്റിന് നന്ദി

മുന്‍ ദേവസ്വം മന്ത്രി കെ.സുധാകരനും മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് പറഞ്ഞിരുന്നു.

പ്രതിപക്ഷ കക്ഷികള്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാത്തതിന് ഇടതുപക്ഷത്തേയും, ഇടതുപക്ഷം വികസനത്തിന് ആവശ്യമായ സ്ഥലം അനുവദിക്കാത്തതിന് കേന്ദ്രത്തേയും പഴിപറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയേ ഉള്ളു. രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ദുരന്തത്തിന്റെ അടിവേരായ മകരവിളക്ക് കത്തിക്കല്‍ നിര്‍ത്തുവാനായി ശബ്ദമുയര്‍ത്തുമെന്ന് കരുതേണ്ട. അതിനുള്ള ധൈര്യം എന്തുകൊണ്ടോ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ഈ കള്ളത്തരത്തിന്റെ അവതാരകരായ തന്ത്രിമാര്‍
കള്ളിവെളിച്ചത്താകുമെന്ന സ്ഥിതിവന്നപ്പോള്‍
പുതിയ ന്യായങ്ങള്‍ കണ്ടെത്തി, ഫലപ്രദമായി
പ്രചരിപ്പിക്കാനും, തങ്ങളുടെ ഉദ്ദേശ ശുദ്ധി പ്രകടിപ്പിച്ച് സത്യവാന്മാരാകാനും ശ്രമിക്കുകയാണ്.