Monday, January 25, 2010

ഗൂഗിള്‍ കേരളാമാപ്പ്

ഗൂഗിള്‍ കേരളത്തിന്റെ ഉയര്‍ന്ന റസല്യൂഷനിലുള്ള (5 mtr.) ഉപഗ്രഹ മാപ്പ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് കേരളത്തിന്റെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ് നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ അധികാരികളുടെ പഴഞ്ചന്‍ ചിന്താഗതിക്ക് ഉദാഹരണമാണ്. ഈ പ്രവര്‍ത്തനം ഇന്ത്യയുടെ സുരക്ഷിതത്വത്തിനു ഹാനികരമെന്നാണ് ഇവരുടെ വാദം. നമ്മുടെ പ്രതിരോധ സ്ഥാപനങ്ങള്‍ , വിദ്യുച്ഛക്തി നിലയങ്ങള്‍ തുടങ്ങിയവ ശത്രുക്കള്‍ക്ക് ലക്ഷ്യം വയ്ക്കാന്‍ ഇത്തരം മാപ്പുകള്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. ലോകത്തിന്റെ പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങളുടെയും ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലും വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. തന്നെയുമല്ല ലോകത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും ഉപഗ്രഹചിത്രങ്ങള്‍ ആവശ്യക്കര്‍ക്ക് ഒരു നിശ്ചിത തുക നല്‍കിയാല്‍ കൊടുക്കുവാന്‍ തയ്യാറായി പല കമ്പനികളും രംഗത്തുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, ഭൂമിശാസ്ത്ര പഠനത്തിനും, ഉപരിതല ഗതാഗതത്തിനും മറ്റും വളരെ പ്രയോജനപ്രദമാണ് ഇത്തരം മാപ്പുകള്‍ . സര്‍ക്കാറിന്റെ പ്ലാനിംഗ് വിഭാഗത്തിന് ഇത്തരം മാപ്പുകള്‍ വളരെ പ്രയോജന പ്രദമാണ്. ഭൂകമ്പം താറുമാറാക്കിയ ഹെയ്‌തി തലസ്ഥാനത്തിന്റെ ഉയര്‍ന്ന റസല്യൂഷ്യനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ദുരിതാസശ്വാസ പ്രവര്‍ത്തനത്തിന് വേഗത നല്‍കുന്നു.

ഭൂമിയുടെ ഉപരിതലം സകാന്‍ ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ തന്നെ ഭ്രമണപഥത്തില്‍ ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമിയുടെ ഏതുകോണിന്റെയും ചിത്രം എടുക്കാന്‍ ഇന്ന് സാധിക്കും. വസ്തുതകള്‍ ഇങ്ങനെയിരിക്കെ നമ്മുടെ ഇന്റലിജന്‍സിന്റെ എതിര്‍പ്പ് ബാലിശമായിതോന്നുന്നു. ശാസ്ത്രത്തിന്റെ ഇത്തരം സംഭാവനകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്.

Thursday, January 14, 2010

മകരവിളക്ക് മനോരമയില്‍



മകരവിളക്കിനെക്കുറിച്ച് ഇന്ന് മനോരമയില്‍ വന്ന റിപ്പോര്‍ട്ടാണ് മുകളില്‍.

പൊന്നമ്പല മേട്ടിലെ മകരവിളക്ക് അവിടെ മനുഷ്യന്‍ തന്നെ കത്തിക്കുന്നതാണെന്ന് ദേവസ്വം മന്ത്രിയും, ശബരിമല തന്ത്രിയും പറഞ്ഞിട്ടും മനോരമ പത്രം സമ്മതിക്കില്ല. അവര്‍ക്ക് ഇന്നും അത് ദേവഗണങ്ങളുടെ ദീപാരാധാനയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്നത്. മനോരമ ചാനലില്‍ക്കൂടി ഇതിന്റെ പിന്നിലുള്ള കള്ളത്തരം നേരത്തെ പുറത്തു വിട്ടിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.
വീഡിയോ കാണുവാന്‍ ക്ലിക്കു ചെയ്യുക. ഇതു മാത്രമല്ല തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരധനയ്ക്കു നട തുറക്കുമ്പോഴാണത്രെ കിഴക്ക് മകര നക്ഷത്രം ഉദിക്കുന്നത്. ദീപാരാധനയ്ക്കു നട അടയ്ക്കുന്നതിനു എത്രയോ മുമ്പ് ഉദിച്ച ആ നക്ഷത്രത്തെ നാം കാണുന്നു. മകര വിളക്ക് തല്‍സമയ സം‌പ്രേക്ഷണം കാണുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിവുള്ളതാണ്. പരുന്തു പറക്കല്‍, പേട്ടതുള്ളലിനു മുമ്പുള്ള വെള്ളിനക്ഷത്രം ഉദിക്കല്‍ തുടങ്ങിയ പ്രചരണവും ഇതേപോലുള്ള കള്ളത്തരമാണ് എന്ന് കരുതിയാല്‍ തെറ്റില്ല.

ഇത്തരം അസത്യ പ്രചരണം മനോരമയുടെ വിശ്വാസ്യതിക്ക് മങ്ങലേല്‍‌പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഭക്തിഭ്രാന്ത് തലയ്ക്കുപിടിച്ച കുറെ അന്ധവിശ്വാസികള്‍ ഇതൊക്കെ സത്യമാണെന്ന് കരുതിയേക്കാം. മനോരമയെപ്പോലെ പ്രചാരത്തില്‍ ഇന്ത്യയില്‍ ഒന്നാമതു നില്‍ക്കുന്ന ഒരു മാദ്ധ്യമത്തിന് യോജിച്ച ഒരു പ്രവര്‍ത്തിയല്ല ഇത്. അന്ധവിശ്വാസത്തില്‍ ആഴ്‌ന്നു കഴിയുന്ന ജനങ്ങളെ അതില്‍ നിന്നും മോചിപ്പിക്കേണ്ട കടമ മാദ്ധ്യമങ്ങള്‍ക്കും ഉണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നും പിന്നോട്ടു പോയി തങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ട് എന്ത് മണ്ടത്തരവും എഴുതി വിടുക എന്ന പ്രവര്‍ത്തിയില്‍ നിന്നും മാദ്ധ്യമങ്ങള്‍ പിന്തിരിയേണ്ടതാണ്.