Friday, June 3, 2011

കുട്ടികള്‍ക്ക് ജാതിക്കാര്‍ഡ്

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം പി മുഹമ്മദ് ഹനീഷ് പറഞ്ഞു. തുടര്‍നടപടിക്കായി സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കടുത്തുരുത്തി മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് സ്കൂള്‍ അധികൃതര്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയത്. കുട്ടികളുടെ ജാതിപ്പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഫീസ് രേഖകളില്‍ ഉണ്ടെന്നിരിക്കെ കഴുത്തില്‍ കാര്‍ഡ് കെട്ടിത്തൂക്കിയ നടപടിക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ ലംപ്സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത സാഹചര്യമുണ്ടാകാറുണ്ടെന്നും അതിനാല്‍ കുട്ടികളുടെ ജാതി ശരിയാണോയെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. രക്ഷിതാക്കളാണ് സംഭവം സംബന്ധിച്ച് കടുത്തുരുത്തി ഡിഇഒയ്ക്ക് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഡിഇഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം കലക്ടര്‍ മിനി ആന്റണിയും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ നേതൃത്വത്തില്‍ സ്കൂളിലേക്ക് നടന്ന മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. 17 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തിലും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.

ഇന്ന് ദേശാഭിമനിയില്‍ വന്ന വാര്‍ത്തയാണ് മേല്‍ കൊടുത്തത്. ജാതിയും മതവും തിരിച്ചറിയാന്‍ പ്രായമാകാത്ത കുട്ടികളുടെ കഴുത്തില്‍ ജാതിക്കാര്‍ഡ് തൂക്കിയത് പ്രതിഷേധാര്‍ഹമാണ്. അതിനെതിരെയുള്ള S.F.I യുടെ പ്രതിഷേധവും ന്യായം തന്നെ. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് തന്നെ കുട്ടികളുടെ ജാതി പരസ്യപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം താഴെക്കൊടുക്കുന്നു.

ഇക്കഴിഞ്ഞ S.S.L.C പരീക്ഷാഫലം http://www.results.itschool.gov.in/ എന്ന ഗവണ്മെന്റ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ പേരും മറ്റ് കാര്യങ്ങളും ആദ്യം കൊടുത്തതിനു ശേഷമാണ് വിഷയങ്ങളും അവയ്ക്കുള്ള മാര്‍ക്കുകളും കൊടുത്തിരിക്കുന്നത്. അതിലെ ചില കുട്ടികളുടെ ഫലത്തിന്റെ ആദ്യഭാഗമാണ് താഴെക്കൊടുക്കുന്നത്. കുട്ടികളുടെ ജാതി പ്രത്യേകം കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.

• Regno : xxxxx
• Name : xxxxxxxxxxx
• School : xxxxxxxxxxx
• Sex : Male
• Category : General
• Caste : NAIR

• Regno : xxxxx
• Name : xxxxx
• School : xxxxxxxx
• Sex : Male
• Category : General
• Caste : R.C.S

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Male
• Category : OBC
• Caste : EZHAVA

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : OBC
• Caste : VANIKA VAISYA

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : SC
• Caste : VELAN

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : OEC
• Caste : CHERAMAR CHRISTIAN

Saturday, January 22, 2011

ശബരിമലയിലെ തന്ത്രങ്ങള്‍

മകര വിളക്കിനെക്കുറിച്ചുതന്നെ.

2008 വരെ തന്ത്രിക്കോ അമ്പലത്തിന്റെ മറ്റു വക്താക്കള്‍ക്കോ അജ്ഞാതമായിരുന്ന മകര വിളക്ക്, മകര ജ്യോതി വ്യത്യാസം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. 2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റില്‍ തന്ത്രിയുടെ വക്താവ് ഇപ്പോള്‍ പറയുന്ന ജ്യോതി/വിളക്ക് വ്യത്യാസം പറയുന്നില്ലന്ന് മാത്രമല്ല, മകരവിളക്ക് ഭൂതഗണങ്ങളും, ദേവകളും അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിനു വേണ്ടി കത്തിക്കുന്ന സങ്കല്പത്തെക്കുറിച്ച് പറയുന്നുമുണ്ട്. മാത്രമല്ല ആ സമയത്ത് കാണപ്പെടുന്ന സിറിയസ് നക്ഷത്രത്തെ മകരജ്യോതിയെന്നു വിശേഷിപ്പിക്കുന്നില്ലയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആ ടെലികാസ്റ്റില്‍ മകരവിളക്കെന്നും മകരജ്യോതിയെന്നും പൊന്നമ്പല മേട്ടില്‍ കത്തിക്കുന്ന വിളക്കിനെ വിശേഷിപ്പിക്കുന്നുമുണ്ട്. മകരവിളക്കിന്റെ പിന്നിലെ തട്ടിപ്പ് ഇനി തുടരാന്‍ സാദ്ധ്യമല്ലെന്ന തിരിച്ചറിവാണ് അത് മനുഷ്യ നിര്‍മ്മിതമാണെന്ന സത്യം തുറന്നു പറയാന്‍ ഇവരെ പ്രേരിപ്പിച്ചത്. തങ്ങള്‍ നടത്തിവന്ന തട്ടിപ്പിന് പുതിയ ദിവ്യപരിവേഷം നല്‍കി തുടരുന്നതിനാണ് ഇപ്പോള്‍ മകരജ്യോതിയെന്നത് നക്ഷത്രമാണെന്ന വാദവുമായി വക്താക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റ് വീഡിയോപുതിയ വാദം വിളക്കും ജ്യോതിയും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന വീഡിയോപൊന്നമ്പലമേടിനെ ശബരിമലയുടെ മൂല സ്ഥാനമെന്നും, അവിടെ അമ്പല അവശിഷ്ടങ്ങളുണ്ടെന്നും, അവിടെ ആരാധന നടന്നിരുന്നുവെന്നും മറ്റുമാണ് ഇപ്പോഴുള്ള വാദം. ഇത് പൊന്നമ്പലമേട്ടില്‍ പുതിയ ഒരു അമ്പലം നിര്‍മ്മിക്കാനുള്ള ഗൂഢ പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ നില നില്‍ക്കുന്ന ഈ വനഭൂമിയും അടുത്ത ഭാവിയില്‍ ഇല്ലാതാവനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ട്. നമ്മുടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. പ്രബുദ്ധരെന്ന്‍ അവകാശപ്പെടുന്ന മലയാളികളുടെ മുന്‍പിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. നമ്മുടെ പ്രതികരണശേഷി നമുക്ക് എവിടെയോ കൈമോശം വന്നു. കോടതികള്‍ മാത്രമാണ് അവസാന ആശ്രയും.

Saturday, January 15, 2011

ശബരിമല ദുരന്തം

Photo courtesy: Asianet News

അങ്ങനെ 104 അയ്യപ്പഭക്തന്മാര്‍ ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞു. മകരവിളക്ക് എന്ന തട്ടിപ്പ് കണ്ട് നിര്‍‌വൃതി അടഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങിയ അയ്യപ്പന്മാരാണ് അപകടത്തില്‍പ്പെട്ടത്. ഇത്തരം ഒരു അപകടം പ്രിതീക്ഷിച്ചതുതന്നെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതു സംഭവിക്കാതിരുന്നത് അത്ഭുതമായി കണക്കാക്കിയാല്‍ മതി. കിഴക്കാം തൂക്കായ കാട്ടുപ്രദേശത്ത് ഇത്രയധികം ആളുകള്‍ ഒരു സമയത്ത് ഒന്നിച്ചുകൂടിയാല്‍ സംഭവിക്കേണ്ടതു തന്നെ.

ഏറ്റവും ഹീനമായ കാര്യം മകരവിളക്ക് ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണ് എന്നതാണ്. പോലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് നടത്തുന്ന തട്ടിപ്പ്. അതുകൊണ്ട് കേരളാ സര്‍ക്കാരിന് ഈ മരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനാവില്ല. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതേണ്ട ഒരു ഇടതുപക്ഷ സര്‍ക്കാരിന്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഗവണ്മെന്റ് മാറിനില്‍ക്കേണ്ടതാണ്. കേരളത്തിലെ മിക്കവാറും ഭക്തര്‍ക്ക് ഇതിന്റെ പിന്നിലെ രഹസ്യം അറിയാം. അതിനാലാണ് മരിച്ച മലയാളികളുടെ എണ്ണം തുലോം കുറവായത്. മലയാള, ദേശീയ മാധ്യമങ്ങള്‍ കുറ്റകരമായ അനാസ്ഥ ഇക്കാര്യത്തില്‍ കാണിച്ചുവെന്നു പറയേണ്ടി വരും. മകരവിളക്ക് ഇന്നും അവര്‍ക്ക് ദിവ്യജ്യോതിയാണ്. ശബരിമലയിലേ ദീപാരാധന സമയത്ത് ദേവകളും ഭൂതഗണങ്ങളും അയ്യപ്പനെ ആരാധിക്കുന്നതാണ് ഈ പ്രകാശം എന്ന് അവര്‍ പറയുന്നു. മണ്ഡലക്കാലം തുടങ്ങിയാല്‍ അയ്യപ്പന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയുള്ള പ്രചാരവേല ആരംഭിക്കുകയായി. സീരിയലുകളും, ഭക്തിഗാനങ്ങളും, അയ്യപ്പമഹത്വം വാഴ്ത്തലുമായി അവര്‍ രംഗം കൊഴുപ്പിക്കുന്നു. വിശ്വാസത്തെ ഒരുതരം ഉന്മാദാവസ്ഥയിലേക്ക് ഇവര്‍ എത്തിക്കുന്നു. സമൂഹത്തിലെ ഉന്നതരെന്നു നാം കരുതുന്ന പലരും ഇത്തരം പ്രചാരവേലയുടെ പിന്നിലുണ്ട്. ഇതെല്ലാം കണ്ട് തങ്ങള്‍ക്ക് മനഃശ്ശാന്തി ലഭിക്കുമെന്ന മൂഢവിശ്വാസവുമായി പാവങ്ങള്‍ ഇവിടെ തിരക്കുകൂട്ടുന്നു. അത് ഇത്തരം ദുരന്തങ്ങളിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിക്കുന്നത്.

ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയുമെന്ന് പ്രതിക്ഷിക്കേണ്ടതില്ല. ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപണം ഉയര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഇതെല്ലാം കെട്ടടങ്ങും. അടുത്തവര്‍ഷം വീണ്ടും ഈ തട്ടിപ്പ് അരങ്ങേറുകയും കുറേ വിശ്വാസികളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും. കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും നമുക്ക് ശ്രദ്ധ ഖജനാവിലേക്കെത്തുന്ന സമ്പത്താണല്ലോ.