Wednesday, December 9, 2009

ഇസ്ലാമിക് ബാങ്ക്

ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്ക് കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങുവാന്‍ പോകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (KSIDC) മുതല്‍ മുടക്ക് ഇതില്‍ 11% ആയിരിക്കും. ഗള്‍ഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി, EMKE Group ഡയറക്‌ടര്‍ യൂസഫ് അലി, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങിയവരാണ് ഇതില്‍ വന്‍‌തോതില്‍ മുതല്‍ മുടക്ക് നടത്തുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു. മുസ്ലീം വ്യക്തിനിയമങ്ങള്‍ പാലിക്കുന്ന ഈ ബാങ്ക് മദ്യം, പന്നിയിറച്ചി, സിനിമ, തുടങ്ങിയ വ്യവസായങ്ങളില്‍ നിക്ഷേപം നടത്തില്ല എന്നു പറയപ്പെടുന്നു. റിസര്‍‌വ്വ് ബാങ്ക് പഠന സംഘം ഇത്തരം ബാങ്ക് എന്ന ആശയം നേരത്തെ തള്ളിക്കളഞ്ഞതാണെങ്കിലും, ബാങ്ക് പരിഷ്കരണ കമ്മിറ്റിയുടെ പിന്തുണ ഇതിനുണ്ടുപോലും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് ശരിയത്ത് അനുസരിച്ച് ശരിയോ തെറ്റോ എന്ന തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഇനി സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ചെവിയോര്‍ക്കാം.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മതേതരമായി പ്രവര്‍ത്തിക്കണം എന്നാണ് ഭരണഘടന ആനുശാസിക്കുന്നത്. ഒരു മതത്തോടും പ്രത്യേക പ്രതിപത്തി സര്‍ക്കാര്‍ കാണിക്കുന്നത് ശരിയല്ല. മുസ്ലീം സമൂദായത്തിനു മാത്രം ബാധകമായ നിയമങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സാമ്പത്തിക സ്ഥാപനം നടത്തുന്നത് ആ മതവിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനു തുല്യമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് ഇത് വിരുദ്ധവുമാണ്. ഈ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ശരിയാ ഉപദേശക ബോര്‍‌ഡിനു റിപ്പൊര്‍ട്ട് ചെയ്യണമെന്ന് KSIDC അതിന്റെ പരസ്യത്തില്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിന്നും ഈ സ്ഥാപനം ശരിഅത്ത് ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതങ്ങള്‍ സാമൂഹ്യ പുരോഗതിക്ക് തടസമാണെന്ന് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങള്‍ സര്‍ക്കാരിലേക്ക് അടക്കുന്ന നികുതിപ്പണമാണ് സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ തുനിയുന്നത്. ഇതിനെതിരെ കേരളത്തിലെ പുരോഗമവാദികള്‍ ശബ്ദമുയര്‍ത്തണം.

ശ്രീ സുബ്രഹമണ്യന്‍ സ്വാമി ഈ ബാങ്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണയിലാണ്. കോടതി വിധി സാര്‍ക്കാരിനെ ഈ നീക്കത്തില്‍ നിന്നും വിലക്കുമെന്ന് പ്രത്യാശിക്കാം.