Friday, November 27, 2009

ഗുരുവായൂരമ്പലത്തില്‍ ആനവാല്‍ കച്ചവടം


ഇന്നു മനോരമയില്‍ വന്ന വാര്‍ത്തയാണ് മുകളില്‍. പ്രശസ്തമായ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ വാല്‍ രോമങ്ങള്‍ പാപ്പാന്‍ മാര്‍ കച്ചവടം ചെയ്യുന്നു. അഞ്ച് വാല്‍‌രോമത്തിന് ആയിരം രൂപയാണു പോലും വില. നാല് പാപ്പാന്മാര്‍ സസ്പന്‍ഷനിലുമായി.

ഗുരുവായൂരമ്പലത്തില്‍ നടയ്ക്കിരുത്തുന്ന ആനകളെ സം‌രക്ഷിക്കുന്ന സ്ഥലമാണ് ആനക്കോട്ട. ഭക്തര്‍ വന്യജീവിയായ ആനകളോടു ചെയ്യുന്ന പല തിന്മകളിലൊന്നാണ് നടയ്ക്കിരുത്തല്‍. സാധാരണ ആനക്കുട്ടികളെയാണ് നടയ്ക്കിരുത്തുന്നത്. കാട്ടില്‍ തന്റെ അമ്മയോടൊപ്പം സ്വതന്ത്രനായി കഴിയുന്ന ആനക്കുട്ടിയെ മനുഷ്യന്‍ തന്ത്രപൂര്‍‌വ്വം കെണിവച്ചു പിടിച്ച് നാട്ടില്‍ കൊണ്ടുവന്ന്‍, മര്‍ദ്ദിച്ച് അതിനെ ചട്ടം പഠിപ്പിക്കുന്നു. ഇതിനെ സിനിമാക്കാര്‍, രാഷ്ട്രീയക്കര്‍, വലിയ മുതലാളിമാര്‍ തുടങ്ങിയവര്‍ വില കൊടുത്തു വാങ്ങി തങ്ങളുടെ കാര്യം സാധ്യത്തിനു വേണ്ടി ഗുരുവായൂരപ്പന് കൈക്കൂലിയായി സമര്‍പ്പിക്കുന്നു. അവിടെ നിന്നു നേരെ ആനക്കോട്ടയിലെത്തുന്ന ഹതഭാഗ്യനായ ആനക്കുട്ടി വീണ്ടും പീഡനത്തിനരയാകുന്നു. ചട്ടം പഠിപ്പിക്കല്‍, വാലു പറിക്കല്‍, തുടങ്ങിയവ.

മനുഷ്യശിശുക്കളെ മാതാപിതാക്കളില്‍ നിന്നും തട്ടിയെടുത്ത് അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്ന മാഫിയ ഇന്ന് സാജീവമാണ്. ആന നടയ്ക്കിരുത്തലും ഇതില്‍ നിന്നു ഒട്ടും ഭിന്നമല്ല. ഇവിടെ മനുഷ്യ ശിശുവിനു പകരം ആനകുട്ടിയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. കുട്ടിയെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന എത്രഭയങ്കരമായിരിക്കും. കുട്ടി നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തകരും. അവര്‍ ജീവിക്കുന്നതു തന്നെ തങ്ങളുടെ മക്കള്‍ വളര്‍ന്നു വലിയവരാകുന്ന് സ്വപ്നം കണ്ടുകൊണ്ടാണ്. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആനയും ഇതുപോലെ വേദന അനുഭവിച്ചിരിക്കാം. ഗുരുവായൂരപ്പന്‍ ഈ ക്രൂരതയ്ക്ക് എ‍ങ്ങിനെ കൂട്ടുനില്‍ക്കുന്നു? ഈ നടയ്ക്കിരുത്തുന്ന ഭക്തരാരെങ്കിലും തങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന മക്കളെ നടയ്ക്കിരുത്താന്‍ തയ്യാറാവുമോ? ഒരിക്കലുമില്ല. അവിടെ കുട്ടികള്‍ക്ക് എത്ര വലിയ സുകര്യങ്ങള്‍ ചെയ്തു കൊടുത്താലും ഒരു മാതാവിനോ പിതാവിനോ തന്റെ കുട്ടിയെ ഉപേക്ഷിക്കാന്‍ മനസ്സു വരില്ല. അപ്പോള്‍ പിന്നെ കാട്ടില്‍ സ്വതന്ത്രനായി നടക്കാന്‍ കൊതിക്കുന്ന ആനക്കുട്ടിയെ ഇത്തരം ക്രൂരതയ്ക്ക് വിധേയനാക്കാന്‍ അവര്‍ക്ക് എങ്ങിനെ മനസ്സു വരുന്നു. ഭക്തി മനുഷ്യരുടെ ചിന്താശേഷിയെ നശിപ്പിക്കുമെന്നുള്ളതിനുള്ള നല്ല ഉദാഹരണമാണ് ഈ നടയ്ക്കുരുത്തല്‍ പരിപാടി.

1 comment:

നിസ്സഹായന്‍ said...

ദൈവവിശ്വാസമെന്നത് കേവലം അന്ധവിശ്വാസം മാത്രമാണെന്ന് തെളിയിക്കുന്നതാണ് വിശ്വാസികള്‍ അവരുടെ മത ജീവിതത്തില്‍ ചെയ്തു കൂട്ടുന്ന ഇതുപോലുള്ള പേക്കൂത്തുകള്‍ !എത്രമാത്രം ദ്രോഹമാണ് വിശ്വാസത്തിന്റെ പേരില്‍ അവര്‍ മൃഗങ്ങള്‍ക്കും, പ്രകൃതിക്കും ചെയ്തു കൂട്ടുന്നത് !