Wednesday, August 3, 2016

വിശ്വാസിയെ മനോരോഗിയാക്കുന്ന മതം.


വിശ്വാസിയെ മനോരോഗിയാക്കുന്ന മതം.

മതം മനുഷ്യനെ മയക്കും എന്ന് കാറല്‍ മാക്സ് പറഞ്ഞിരുന്നു.  എന്നാല്‍ ഇന്ന് സമൂഹത്തില്‍ കാണുന്നത് മതം  വിശ്വാസിയെ മയക്കത്തില്‍ നിന്ന് മനോരോഗത്തിലേക്ക് നയിക്കുന്നതാണ്,  സ്വബോധമുള്ള ഒരു സാധാരണ മനുഷ്യന്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍  മതത്തിന്റെ പേരില്‍ വിശ്വാസരോഗിക്ക് ചെയ്യാന്‍ ഒരു മടിയുമില്ല.  ചില ഏറ്റക്കുറച്ചിലുകള്‍ കാണുമെന്നല്ലാതെ ഇക്കാര്യത്തില്‍ മിക്കവാറും എല്ലാ മതങ്ങളും തുല്യത പാലിക്കുന്നുണ്ട്.  

ഇഹലോകജീവിതം ഒരു പരീക്ഷണ ഘട്ടം മാത്രമാണെന്നും പരലോകത്തിലെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ഇവിടെ പരീക്ഷണങ്ങളെ നേരിട്ട് വിജയം വരിക്കേണ്ടതുണ്ടെന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. പരലോകത്ത് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ഇവിടെ ആസ്വദിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല.  ഇവിടെ അവയെല്ലാം ഹറാമാണ്.  ഉദാഹരണത്തിന് മദ്യപാനം.  സര്‍‌വജ്ഞാനിയും, വിധികര്‍ത്താവും ആണെന്ന് കരുതുന്ന ദൈവം മനുഷ്യനെ എന്തിന് പരീക്ഷിക്കുന്നു എന്നതിന് വ്യക്തമായ വിശദീകരണമില്ല.  മനുഷ്യന്റെ തെറ്റുകള്‍ അവനെ തന്നെ ബോദ്ധ്യപ്പെടുത്താനാണ് ഇത്തരം പരീക്ഷണങ്ങള്‍ എന്ന് ഒരു വാദമുണ്ട്.  പരീക്ഷണ ഫലം ഇന്നതാണെന്ന് മുന്‍‌കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നതിനാല്‍ പരീക്ഷാര്‍ത്ഥി എത്ര സമര്‍ത്ഥമായി പരീക്ഷണത്തെ നേരിട്ടാലും ഫലം മുന്‍‌കൂട്ടിയുള്ള ദൈവ തീരുമാനപ്രാകരം മാത്രമേ സംഭവിക്കു.  പിന്നെ പരീക്ഷണം എന്ന ഈ പാഴ്‌വേല എന്തിനാണെന്ന് അറിയില്ല.  അള്ളാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്ന സമൂഹത്തെ ദാര്‍ അല്‍ കുഫ്ര് ആയി വിശേഷിപ്പിച്ച് ദാര്‍ അല്‍ ഇസ്ലാമിലേക്കുള്ള ഹിജ്രയിലാണ് ഇന്ന് വിശ്വാസരോഗികളില്‍ പലരും.  

ഇസ്ലാമിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.  ഷിയാക്കളേയും അഹമ്മദീയക്കളേയും പാകിസ്ഥാനില്‍ കൂട്ടക്കുരുതിയ്ക്ക് വിധേയമാക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.  യുദ്ധത്തില്‍ തടവിലാക്കപ്പെട്ട സ്ത്രീകളെ ചന്തയില്‍ ലേലത്തില്‍  വില്‍ക്കുന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ക്രൂരത ഇന്നും നടക്കുന്നു.  പെണ്‍‌കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ വിലക്കുന്ന വിശ്വാസികള്‍ .  അവരെ വെറും പേറ്റ് യന്ത്രങ്ങളും, കൃഷിസ്ഥലങ്ങളും ആയി മാത്രം കാണുന്നു.  ആധുനിക മനുഷ്യന്‍ അമൂല്യമായി കരുതുന്ന മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്നു.  മദ്രസ്സകളിലൂടെ ചെറിയ പ്രായത്തില്‍  അന്ധവിശ്വാസം മനസ്സില്‍ അടിച്ചേല്പിക്കപ്പെട്ട കുട്ടികളില്‍ ശാസ്ത്രീയ ചിന്ത വളര്‍ത്താന്‍ എളുപ്പമല്ല.  അയാള്‍ക്ക് പ്രപഞ്ചത്തിന് പിന്നില്‍ ഒരു സൃഷ്ടാവിനെയും ദൈവ രചിതങ്ങളായ ഗ്രന്ഥങ്ങളും അവയില്‍ ലോകാവസാനം വരെ പിന്തുടരേണ്ട നിര്‍ദ്ദേശങ്ങളും കാണാന്‍ സാധിക്കും.  സ്വന്തം സഹജീവികളായ മറ്റ് മതവിശ്വാസികളെ ശത്രുക്കാളായും അവരുടെ ഇടയില്‍ ജീവിക്കുന്നത് തെറ്റായും ഇവര്‍ കാണുന്നു.  വിശ്വാസരോഗം പരത്തുന്ന കേന്ദ്രങ്ങളാണ് ഇത്തരം മതപാഠശാലകള്‍.    ശക്തിയേറിയ മയക്കുമരുന്നിന് അടിമയായ ഒരു രോഗിയെപ്പോലെയാണ് വിശ്വാസരോഗിയുടെ പെരുമാറ്റം.

ഭാരതത്തിലെ ബഹുഭൂരിപക്ഷം പിന്തുടരുന്ന ഹിന്ദുവിശ്വാസങ്ങളും വിശ്വാസരോഗികളെ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നോക്കമല്ല.  സെമറ്റിക് മതങ്ങള്‍ പൊതുവെ മറ്റ് മതവിശ്വാസികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുവിശ്വാസികള്‍  സഹജീവികളെ പലതട്ടുകളായി തിരിച്ച് ഉയര്‍ന്നവന് പ്രത്യേക പരിഗണനകളും താഴ്ന്നവന് അവഗണനയും സമ്മാനിക്കുന്നു.  അയിത്തം എന്ന അനാചാരം മലയാളിക്ക് അന്യമായെങ്കിലും ഉത്തരേന്ത്യയില്‍ അത് ശക്തമായി ഇന്നും നിലനില്‍ക്കുന്നുണ്ട്.  ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടി താഴ്ന്ന ജാതിയിലെ പുരുഷനെ വരിച്ചാല്‍ ആദമ്പതികളെ കൊന്നുകളയാന്‍ വരെ മാതാപിതാക്കള്‍ക്ക് മടിയില്ല. 


മനുഷ്യനെക്കാള്‍ പരിഗണന പശുപോലുള്ള മൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചു വരുന്നു.  പശുമാസം ഭക്ഷിച്ചുവെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്നത് ഇന്ന് വടക്കേഇന്ത്യയില്‍ വ്യാപകമായിത്തുടങ്ങി.   ചത്തമൃഗങ്ങളുടെ തുകല്‍ ഉരിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന സമൂഹത്തിന് നേരേയും വിശ്വാസരോഗികള്‍ തങ്ങളുടെ ആയുധങ്ങള്‍ തിരിച്ചു തുടങ്ങി.  ഇതിനെതിരെ സമൂഹം പ്രതിഷേധിച്ചു തുടങ്ങി എന്നത് ആശ്വാസകരമാണ്. 


ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഗംഗയില്‍ നിന്ന് ജലവും ശേഖരിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് തങ്ങളുടെ ഗ്രാമങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ എത്തിക്കുന്ന ഒരു പരിപാടി ഇവിടെ കാണാം.  കാവട് യാത്ര എന്ന് ഇത് അറിയപ്പെടുന്നു.  ഈ യാത്രയില്‍ പലപ്പോഴും അക്രമം നടക്കാറുണ്ട്.  കുറുവടിയും കൈകളിലേന്തി നടക്കുന്ന ഈ യാത്രക്കാരെ നിയമപാലകര്‍ വരെ ഭയത്തോടെയാണ് കാണുന്നത്.  വീട്ടിലിരുന്ന് ഒരു ഫോണ്‍കോളില്‍ കൂടി ഗംഗാജലം വീട്ടിലെത്തിക്കാവുന്ന ഈ ആധുനിക കാലത്താണ് ഇത്തരം ആചാരങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ കൊണ്ടുനടക്കുന്നതെന്ന് കാണണം.  വിശ്വാസം മനുഷ്യന്റെ മനോനില എങ്ങനെ മാറ്റും എന്നതിന് നല്ല് ഉദാഹരണമാണ് ഇത്.  

പിതൃക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മക്കള്‍ കര്‍ക്കടകത്തിലെ കറുത്തവാവിന്‍ നാളില്‍ കാണിക്കുന്ന ബലിയിടല്‍ വെപ്രാളം ഇന്ന് കേരളത്തില്‍ പ്രചാരം നേടിവരുന്നു.  മരിച്ച പിതൃക്കള്‍ക്ക് എന്ത് നേട്ടമാണ് ഇത്തരം പരിപാടികള്‍ കൊണ്ട് ലഭിക്കുകയെന്ന് മനസ്സിലാവുന്നില്ല.  ഒരു പക്ഷേ മരിച്ച പിതൃ ജീവനുള്ള പിതൃക്കളെക്കാള്‍ അപകടകാരിയാവാം എന്ന ചിന്തയാവും ഇതിന്റെ പിന്നില്‍ . ആചാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചു വരുന്നുണ്ട്.  സമൂഹത്തില്‍ ശാസ്ത്രീയ ചിന്തവളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്.  ഉന്നതശാസ്ത്രജ്ഞന്മാര്‍ പോലും ഇന്ന് ദൈവങ്ങളുടെ പ്രീതിക്കായി ഇത്തരം ആചാരങ്ങളെ പിന്തുടരുന്നു.


ആധൂനിക സമൂഹവുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാവാം ക്രിസ്തുമതത്തില്‍ പ്രമാണങ്ങളോടുള്ള കടും പിടുത്തത്തിന് ഒരു പരിധി വരെ അയവ് വന്നിട്ടുണ്ട്.  പള്ളികള്‍ വില്പനക്ക് വച്ചിരിക്കുന്ന പല പാശ്ചാത്യനാടുകളും ഇന്ന് കാണാന്‍ സാധിക്കും.  പുരോഹിതര്‍ കന്യാസ്ത്രീകള്‍ തുടങ്ങി മതകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്നവരുടെ അഭാവാം ഇന്ന് ഇത്തരം രാജ്യങ്ങളില്‍ വ്യാപകമായിട്ടുണ്ട്.  പക്ഷേ കേരളത്തില്‍ വിശ്വാസചികിത്സപോലുള്ള തട്ടിപ്പുകള്‍ക്ക് നല്ല വിപണിയുണ്ട്.  പല പേരുകളില്‍ മതസംഘടനകള്‍ ഉണ്ടാക്കി വിശ്വാസികളെ മനോരഗത്തിലേക്ക് തള്ളീവിടുന്ന ഉപദേശികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  വിശ്വാസിക്കും സമൂഹത്തിനും ഇവര്‍ ഏല്പിക്കുന്ന ആഘാതം ചെറുതല്ല.

No comments: