ഇന്നു മനോരമയില്‍ വന്ന വാര്‍ത്തയാണ് മുകളില്‍. പ്രശസ്തമായ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ വാല് രോമങ്ങള്‍ പാപ്പാന് മാര്‍ കച്ചവടം ചെയ്യുന്നു. അഞ്ച് വാല്രോമത്തിന് ആയിരം രൂപയാണു പോലും വില. നാല് പാപ്പാന്മാര് സസ്പന്ഷനിലുമായി.
ഗുരുവായൂരമ്പലത്തില്‍ നടയ്ക്കിരുത്തുന്ന ആനകളെ സംരക്ഷിക്കുന്ന സ്ഥലമാണ് ആനക്കോട്ട. ഭക്തര്‍ വന്യജീവിയായ ആനകളോടു ചെയ്യുന്ന പല തിന്മകളിലൊന്നാണ് നടയ്ക്കിരുത്തല്‍. സാധാരണ ആനക്കുട്ടികളെയാണ് നടയ്ക്കിരുത്തുന്നത്. കാട്ടില്‍ തന്റെ അമ്മയോടൊപ്പം സ്വതന്ത്രനായി കഴിയുന്ന ആനക്കുട്ടിയെ മനുഷ്യന് തന്ത്രപൂര്‍വ്വം കെണിവച്ചു പിടിച്ച് നാട്ടില്‍ കൊണ്ടുവന്ന്, മര്‍ദ്ദിച്ച് അതിനെ ചട്ടം പഠിപ്പിക്കുന്നു. ഇതിനെ സിനിമാക്കാര്, രാഷ്ട്രീയക്കര്‍, വലിയ മുതലാളിമാര്‍ തുടങ്ങിയവര്‍ വില കൊടുത്തു വാങ്ങി തങ്ങളുടെ കാര്യം സാധ്യത്തിനു വേണ്ടി ഗുരുവായൂരപ്പന് കൈക്കൂലിയായി സമര്‍പ്പിക്കുന്നു. അവിടെ നിന്നു നേരെ ആനക്കോട്ടയിലെത്തുന്ന ഹതഭാഗ്യനായ ആനക്കുട്ടി വീണ്ടും പീഡനത്തിനരയാകുന്നു. ചട്ടം പഠിപ്പിക്കല്‍, വാലു പറിക്കല്‍, തുടങ്ങിയവ.
മനുഷ്യശിശുക്കളെ മാതാപിതാക്കളില്‍ നിന്നും തട്ടിയെടുത്ത് അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്ന മാഫിയ ഇന്ന് സാജീവമാണ്. ആന നടയ്ക്കിരുത്തലും ഇതില്‍ നിന്നു ഒട്ടും ഭിന്നമല്ല. ഇവിടെ മനുഷ്യ ശിശുവിനു പകരം ആനകുട്ടിയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. കുട്ടിയെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന എത്രഭയങ്കരമായിരിക്കും. കുട്ടി നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തകരും. അവര്‍ ജീവിക്കുന്നതു തന്നെ തങ്ങളുടെ മക്കള്‍ വളര്‍ന്നു വലിയവരാകുന്ന് സ്വപ്നം കണ്ടുകൊണ്ടാണ്. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആനയും ഇതുപോലെ വേദന അനുഭവിച്ചിരിക്കാം. ഗുരുവായൂരപ്പന് ഈ ക്രൂരതയ്ക്ക് എങ്ങിനെ കൂട്ടുനില്‍ക്കുന്നു? ഈ നടയ്ക്കിരുത്തുന്ന ഭക്തരാരെങ്കിലും തങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന മക്കളെ നടയ്ക്കിരുത്താന്‍ തയ്യാറാവുമോ? ഒരിക്കലുമില്ല. അവിടെ കുട്ടികള്‍ക്ക് എത്ര വലിയ സുകര്യങ്ങള്‍ ചെയ്തു കൊടുത്താലും ഒരു മാതാവിനോ പിതാവിനോ തന്റെ കുട്ടിയെ ഉപേക്ഷിക്കാന്‍ മനസ്സു വരില്ല. അപ്പോള്‍ പിന്നെ കാട്ടില്‍ സ്വതന്ത്രനായി നടക്കാന്‍ കൊതിക്കുന്ന ആനക്കുട്ടിയെ ഇത്തരം ക്രൂരതയ്ക്ക് വിധേയനാക്കാന്‍ അവര്‍ക്ക് എങ്ങിനെ മനസ്സു വരുന്നു. ഭക്തി മനുഷ്യരുടെ ചിന്താശേഷിയെ നശിപ്പിക്കുമെന്നുള്ളതിനുള്ള നല്ല ഉദാഹരണമാണ് ഈ നടയ്ക്കുരുത്തല് പരിപാടി.
ഒരു മണ്ഡലക്കാലവും കൂടി വരവായി. സ്വാമി ഭക്തന്മാര് പുണ്യപാപങ്ങളും, പരാതികളും, ദുഃഖങ്ങളും നിറച്ച ഇരുമുടിക്കെട്ടുകള്‍ അയ്യപ്പന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ തെരക്കു കൂട്ടൂന്നു. ഇനിയുള്ള കുറേ ദിവസങ്ങള്‍ കേരളത്തില്‍ ഉത്സവത്തിന്റേതായിരിക്കും. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകളുടെ ചാകര. പരസ്യ വരുമാനം അതിന്റെ പാരമ്യത്തിലെത്തും. ഗവണ്മെന്റ് വകുപ്പുകള്‍ പണമുണ്ടാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കവിതയെഴുത്തുകാരും, ഗായകരും, സീരിയല്‍ നിര്‍മ്മാതാക്കളും അയ്യപ്പന്റെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. കാറ്റുള്ളപ്പോള്‍ പാറ്റണമെന്ന പഴഞ്ചൊല്ല് പ്രസക്തമാകുന്നത് ഇപ്പോഴാണ്.
ഭക്തജനങ്ങുളുടെ ദാരിദ്ര്യവും, ദുഃഖവും പ്രയാസങ്ങളും മാറ്റാന്‍ കച്ചകെട്ടിയിരിക്കുന്ന അയ്യപ്പന് ഒരോ മണ്ഡലക്കാലം കഴിയുമ്പോഴും തന്റെ നില മെച്ചപ്പെടുത്തുന്ന ഒരത്ഭുത പ്രതിഭാസം ശബരിമലയില്‍ കാണാം. ഈ കഴിഞ്ഞവര്‍ഷം വരെ പതിനെട്ടാം പടിയും, തന്റെ ശ്രീകോവിലും മാത്രമേ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരുന്നുള്ളു. (കള്ളുമുതലാളിയുടെ കാശുകൊണ്ടാണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നു) ഈ വര്‍ഷം തന്റെ സഹജീവികളായ ഉപദൈവങ്ങളുടെ ആലയങ്ങളും സ്വര്‍ണ്ണം പൊതിഞ്ഞു മനോഹരമാക്കി. കേരളത്തിലെ ചില ജ്യോത്സ്യന്മാര് മന്ത്രം, ഏലസ്സ്, യന്ത്രം തുടങ്ങിയ തട്ടിപ്പിലൂടെ ജനങ്ങളെ പറ്റിച്ച് പണക്കാരായി മാറുന്നതുപോലെ ആയ്യപ്പനും ചില സൂത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടോ എന്നു സംശയിച്ചാല്‍ തെറ്റെന്നു പറയാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം വരെ പൊന്നമ്പലമേട്ടില്‍ മകരവിളക്കിനു തെളിയുന്ന പ്രകാശം ഭൂതത്താന്മാര് പറ്റിക്കുന്ന പണിയാണെന്നു പാവപ്പെട്ട ഭക്തന്മാരെ മുഴുവന്‍ വിശ്വസിപ്പിച്ചിരുന്നു. പിന്നീട് മന്ത്രിയും, തന്ത്രിയുടെ കൊച്ചുമോനും മകരവിളക്ക് ഒപ്പിക്കുന്നത് വൈദ്യുതി, വനം വകുപ്പുകളിലെ ഭൂതത്താന്മാര് പോലീസ് അകമ്പടിയോടെയാണെന്ന് പരസ്യമായി പറഞ്ഞു. കൂടെ അവര്‍ ഒരു ഉരുണ്ടുകളികൂടി നടത്തി. മകരവിളക്ക് സൂത്രവും, മകരജ്യോതി ശബരിമലയില്‍ ഉദിക്കുന്ന നക്ഷത്രവുമാണത്രെ. എന്തായാലും ദിവ്യാത്ഭുതം പൂര്‍ണ്ണമായി ഇല്ലാതായില്ല. പരുന്തു പറക്കല്‍ ഇപ്പൊഴുമുണ്ടല്ലോ. കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ക്ക് (കൈരളിയുള്പ്പെടെ) ഇപ്പോഴും മകരവിളക്ക് ദിവ്യം തന്നെ. സത്യം തുറന്നു പറഞ്ഞാല്‍ ഭക്തരുടെ ഒഴുക്കു കുറഞ്ഞെങ്കിലോ. നാണം കെട്ടും പണം സമ്പാദിച്ചാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളുമെന്ന പഴഞ്ചൊല്ല് ഓര്‍ക്കുക.
ഇടതുപക്ഷ ഗവണ്മേന്റ് ദേവസ്വം ഭരിക്കുന്നതിനെ, മദ്യനിരോധന സമിതി പ്രസിഡണ്ട് കള്ളുഷാപ്പ് നടത്തുന്നതിനോട് ഉപമിക്കാം. ദൈവവും, മതവും സാമൂഹ്യ പുരോഗതിക്ക് തടസമാണെന്നാണ് കമ്യൂണിസ്റ്റാചര്യന്മാര് പറഞ്ഞുവ്ച്ചിരിക്കുന്നത്. അതൊക്കെ ഇപ്പോള്‍ ആരു നോക്കുന്നു. ഭക്തിവ്യവസായവും മദ്യവ്യവസായവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് തന്നെയാണ്. ഉപഭോക്താക്കള്‍ക്ക് രണ്ടും മനസ്സിനു ശന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നു. സര്‍ക്കാരിനു ഖജനാവു നിറയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല. വര്‍ഷങ്ങള്‍ ചെല്ലുന്തോറും രണ്ടു വ്യവസായങ്ങളും കേരളത്തില്‍ തഴച്ചു വളരുകയാണ്. മദ്യപാനത്തില്‍ നമ്മള് പഞ്ചാബികളെ കടത്തിവെട്ടിയെന്നു ഈയിടെ പത്രത്തില്‍ വായിച്ചു. ആധികം താമസിയാതെ ശബരിമല തിരുപ്പതിയെ കടത്തിവെട്ടി നമ്മുടെ ആത്മാഭിമാനം കാക്കുമെന്നു കരുതാം.
ഇന്ത്യയിലെ സുന്നി മുസ്ലീംങ്ങളുടെ പ്രധാനപ്പെട്ട ഒരു സംഘടനയാണ് ദാരുല്‍ ഉലൂം ദിയൊബന്ദ്. ഇവിടെ നിന്നും മതവിഷയങ്ങളില്‍ കുട്ടികള്‍ക്ക് അറിവു നല്‍കുകയും വിശ്വാസപരമായ കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ (ഫത്വാ) പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്. ഈ അടുത്ത നാളില്‍ അവര്‍ പുറപ്പെടുവിച്ച മുസ്ലീംങ്ങള്‍ വന്ദേമാതരം പാടിക്കൂടാ എന്ന ഫത്വാ വിവാദക്കുരിക്കില് പെട്ടിരിക്കുകയാണ്.
ആള്ളാ എന്ന ഏക ദൈവത്തെ അല്ലാതെ വേറൊന്നിനേയും വന്ദിക്കാന്‍ പാടില്ലെന്നാണ് മുസ്ലീംങ്ങള്ക്കിടയിലുള്ള ഒരു ഏകദേശ ധാരണ. (ഇതിലും അഭിപ്രായ ഐക്യം ഇല്ല എന്ന കാര്യം വിസ്മരിക്കരുത്. അജ്മീര്‍ ചിസ്റ്റിയുടെ ഖബര്‍, മമ്പറം ദര്‍ഗ തുടങ്ങിയവയില്‍ പോയി പ്രാര്‍ത്ഥന നടത്തുന്നത് ഉദാഹരണങ്ങള്‍). ഇന്ത്യയുടെ രാഷ്ട്രഗാനമായ "വന്ദേ മാതരം" തുടങ്ങുന്നത് ഭാരതാംബയെ വന്ദിച്ചുകൊണ്ടാണ്. ഇത് ദിയോബന്ദികളെ വിറളിപിടിപ്പിക്കുന്നു. മുസ്ലീംങ്ങള്‍ ഈ ഗാനം പാടിക്കൂടാ എന്നതാണ് പുതിയ ഫത്വാ. ഭാരതമാതാവിനെ വന്ദിക്കുന്നത് മുസ്ലിംങ്ങള്ക്ക് ഹറാമാണുപോലും.
നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെല്ലാം തന്നെ ആരാധനയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം എല്ലാം തന്നെ ഈശ്വര സ്തുതികളാണ്. കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തപ്രധാനമായ കലാരൂപങ്ങളും ഈശ്വരസ്തുതിക്ക് നല്കുന്ന പ്രാധാന്യം തര്‍ക്കമറ്റ വസ്തുതയാണല്ലൊ. ഈ ഫത്വാ അനുസരിക്കുന്ന മുസ്ലീം സമൂദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കലകളൊന്നും അഭ്യസിക്കുവാന്‍ സാദ്ധ്യമല്ല.
ഇത്തരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു പാരമ്പര്യകലകള്‍ അഭ്യസിക്കുന്ന മുസ്ലീം കുട്ടികള്‍ മതനേതൃത്വത്തില്‍ നിന്ന് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത്. കലാമണ്ഡലം ഹൈദരാലി സ്വസമൂദായത്തില് നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭങ്ങളെക്കുറിച്ച് അഭിമുഖസംഭാഷണങ്ങളില്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. മുസ്ലീം ജനസാമാന്യം ഇത്തരം കടുംപിടുത്തങ്ങള്‍ അംഗീകരിക്കില്ലന്നു പ്രതീക്ഷിക്കാം.